Thursday, October 3, 2019

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക
- സ്വാമി വിവേകാനന്ദന്‍
ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു.

ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും ദീര്‍ഘകാലം യോഗം അഭ്യസിക്കയും ചെയ്തു. അനേകസംവ ത്‌സരക്കാലത്തെ കഠിനപ്രയത്‌നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകള്‍ അയാളുടെ തലയില്‍ വന്നുവീണു. മേലേ്പാട്ടു നോക്കിയപ്പോള്‍ വൃക്ഷാഗ്രത്തില്‍ ഒരു കാക്കയും കൊക്കും തമ്മില്‍ പൊരുതുന്നതു കണ്ടു. അയാള്‍ക്കു കോപമുണ്ടായി. ‘എന്ത് എന്റെ തലയില്‍ ഉണക്കയിലകള്‍ വീഴ്ത്തുവാന്‍ നിങ്ങള്‍ക്കു ധൈര്യം വന്നോ?’ ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ആ പക്ഷികളെ ക്രോധത്തോടെ നോക്കി. അപ്പോള്‍, അയാളുടെ ശിരസ്സില്‍നിന്ന് ഒരു അഗ്‌നിജ്വാല പുറപ്പെട്ടുചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രയ്ക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്കല്യത്തില്‍ – ഒരു നോട്ടംകൊണ്ട് കാക്കയേയും കൊക്കിനേയും ഭസ്മീകരിക്കാന്‍ തനിക്കു കഴിഞ്ഞില്ലേ! – അയാള്‍ സന്തുഷ്ടനായി, ആഹ്ലാദത്താല്‍ ഏതാണ്ടു മതിമറന്നു.

കുറച്ചു കഴിഞ്ഞ് ഭിക്ഷയെടു ക്കുവാന്‍ അയാള്‍ക്ക് നഗരത്തിലേയ്ക്കു പോകേണ്ടിയിരുന്നു. അവിടെച്ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് ‘ഭവതി, ഭിക്ഷാംദേഹി’ എന്നു പറഞ്ഞു. ‘കുറച്ചു നില്‍ക്കൂ മകനേ’ എന്ന് വീട്ടിനുള്ളില്‍നിന്നും മറുപടി കിട്ടി. ‘എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല,’ എന്നിങ്ങനെ ആ യുവയോഗി തന്നത്താന്‍ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളില്‍ക്കൂടി കടന്നുപോകുന്നതിനിടയില്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം വീണ്ടും കേള്‍ക്കാറായി; ‘കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നുതന്നത്താന്‍ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല.’ അയാള്‍ ആശ്ചര്യപ്പെട്ടു: പിന്നേയും കാത്തുനിന്നു. ഒടുവില്‍ സ്ത്രീ പുറത്തേയ്ക്കു വന്നു. അയാള്‍ അവരുടെ കാല്ക്കല്‍ വീണു നമസ്‌കരിച്ചുകൊണ്ട്, ‘അമ്മേ, നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു?’ എന്നു ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു; ‘കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ ഒരു സാധാരണസ്ത്രീ. എന്റെ ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അല്പം കാത്തുനില്ക്കാന്‍ പറഞ്ഞത്. ജീവിതകാലം മുഴുവന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞാന്‍ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനുമുമ്പ് ഞാന്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം നിര്‍വ്വഹിക്കുകയുണ്ടായി. ഇപ്പോള്‍ വിവാഹിതയായിരിക്കെ, ഞാന്‍ എന്റെ ഭര്‍ത്താവിനോടുള്ളു ധര്‍മ്മം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാല്‍ ഈ ധര്‍മ്മാനുഷ്ഠാനം മുഖേന ഞാന്‍ പ്രബുദ്ധയായിരിക്കുന്നു. അതിനാല്‍ നീ ഉള്ളില്‍ വിചാരിച്ചതും കാട്ടില്‍വെച്ചു ചെയ്തതും എനിക്കറിയാന്‍ കഴിഞ്ഞു.

എന്നാല്‍ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കില്‍, മിഥിലാനഗരിയില്‍ ചെല്ലുക: അവിടെ ചന്തയില്‍ നീ ഒരു വ്യാധനെക്കാണും. നീ അറിയാന്‍ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാള്‍ പറഞ്ഞുതരും.’
‘ഞാന്‍ എന്തിന് ആ നഗരത്തില്‍ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കല്‍?’ എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താന്‍ കണ്ടേടത്തോളം കാര്യങ്ങള്‍കൊണ്ട് അയാളുടെ ബുദ്ധിക്ക് അല്പം വെളിവുണ്ടായി. അതിനാല്‍ പോകാന്‍ തന്നെ തീര്‍ച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയന്‍ വ്യാധന്‍ ഇരുന്ന് വലിയ കത്തികള്‍ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാള്‍ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. ‘ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാന്‍ ഉപദേശം വാങ്ങേണ്ടത്? ഇയാള്‍ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല.’ എന്നിങ്ങനെ വിചാരിച്ച് അയാള്‍ വ്യാധനെ സമീപിച്ചു. അപ്പോള്‍ വ്യാധന്‍ അയാളെ നോക്കി, ‘ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കല്പം ജോലികൂടിയുള്ളതു തീരുന്നിടംവരെ അവിടെ ഇരുന്നാലും’ എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാന്‍ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാള്‍ ഇരുന്നു. വ്യാധന്‍ ജോലി തുടര്‍ന്നു. അതു പൂര്‍ത്തിയായപ്പോള്‍ അയാള്‍ അന്നു കിട്ടിയ പണവും എടുത്ത്, ‘സ്വാമി, ഇനി നമുക്കു വീട്ടിലേയ്ക്കു പോകാം’ എന്നു പറഞ്ഞ് നടന്നു. വീട്ടില്‍ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് ‘അല്പം കാക്കുക’ എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും, അവരുടെ പ്രീതിക്കുവേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്തശേഷം അയാള്‍ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, ‘സ്വാമി, അങ്ങ് എന്നെ കാണാന്‍ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്?’ എന്നു ചോദിച്ചു.

സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധന്‍ ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്ത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത.) വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, ‘അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്?’ എന്നു ചോദിച്ചു. വ്യാധന്‍ പറഞ്ഞു; ‘വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേയ്ക്ക് പോയുമില്ല. എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.’
മുന്‍പറഞ്ഞ കഥയില്‍ വ്യാധനും സ്ത്രീയും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍വ്വാത്മനാ അനുഷ്ഠിച്ചു: തത്ഫലമായി അവര്‍ക്ക് ജ്ഞാനോദയം ഉണ്ടായി.

ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചും ഉള്ള കര്‍ത്തവ്യങ്ങള്‍, ഫലാസക്തിയില്ലാതെ ശരിയായി നിര്‍വ്വഹിക്കുന്നപക്ഷം, അതു നമ്മെ പരമമായ ആത്മ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുമെന്ന് തെളിയിക്കുന്നു.

Monday, September 16, 2019

പരദൂഷണം പറയുമ്പോൾ ....

ഒരു പരിചയക്കാരൻ ഒരിക്കൽ സോക്രട്ടീസിനടുത്ത് ഓടിക്കിതച്ചു വന്നു. "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.🍒🐬
താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
😡😏 "

അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, സോക്രട്ടീസ്ഇങ്ങനെ പറഞ്ഞു:

"പറയാൻ തുടങ്ങുന്നതിനു മുൻപ്‌ മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്,

 അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം.☺

" ശരി......

1.  "നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?😊"

" ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് 😐."

2.    നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ?😊"

 "അല്ല. അതിനു വിപരീതമാണ്."

എങ്കിലും സാരമില്ല.
 മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം☺.

3.  നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ?☺"

" ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാ..".

"😊 എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! "

 ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ.

Sunday, August 4, 2019

ഏലസ്സ്

ഏലസ്സ്


സമ്പന്നയായ ഒരു സ്ത്രീ ഒരു സൂഫി ഗുരുവിനടുത്തു
പോയി.
എന്നിട്ട് പറഞ്ഞു,
“എനിക്ക് അങ്ങ് ഒരു ഏലസ്സ് ഉണ്ടാക്കിത്തരണം,അത് ഞാൻ കൈയിൽ വെയ്ക്കുകയോ വീട്ടിൽ വെയ്ക്കുകയോ ചെയ്താൽ ഞാൻ പറയുന്നതെല്ലാം എന്റെ ഭർത്താവ് അനുസരിക്കുമാറാകണം.
എന്നെ വളരെയധികം ഇഷ്ടപ്പെടുകയും,
സ്നേഹിക്കുകയും വേണം”
"എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹമില്ല,മുൻ കോപിയും,വാശിക്കാരനുമാണ്".
ഗുരു ദീർഘവീക്ഷണമുള്ള ഒരു മഹാനായിരുന്നു.
സൂഫി പറഞ്ഞു,
“ഇങ്ങനെ ഒന്ന് ഉണ്ടാക്കണമെങ്കിൽ പ്രധാനമായും വേണ്ടത് സിംഹത്തിന്റെ കഴുത്തിലുള്ള രോമങ്ങളാണ്”
“കൂടാതെ,ആ രോമങ്ങൾ നിങ്ങൾ സ്വന്തം എങ്ങിനെയെങ്കിലുമായി ഏതെങ്കിലും സിംഹത്തിന്റെ കഴുത്തിൽ നിന്നും പിഴുതെടുക്കണം”
“എങ്കിൽ മാത്രമേ ഞാൻ ഉണ്ടാക്കി നൽകുന്ന ഏലസ്സ് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ”.
ആ സ്ത്രീ ഏറെ വിഷമത്തോടെ
തിരിച്ച് വന്നു.
അവർ അവരുടെ കൂട്ടുകാരികളോട് കാര്യം പറഞ്ഞു.
ഒരു കൂട്ടുകാരി പറഞ്ഞു,“ഈ കാര്യം ബുദ്ധിമുട്ടാണ് എങ്കിലും സാധിക്കാത്തതൊന്നുമല്ല”
“നീ ഒരു കാര്യം ചെയ്യ്,എല്ലാ ദിവസവും അഞ്ച് കിലോ ഇറച്ചിയുമായി കാട്ടിൽ പോകുക,സിംഹം വരുന്ന വഴിയിൽ ആ ഇറച്ചിയിട്ട് നീ ഒളിഞ്ഞിരിക്കുക”
“പിന്നീട് ഓരോ ദിവസം കഴിയുന്തോറും സിംഹത്തിനു മുന്നിൽ അടുത്തടുത്ത് തന്നെ ഇറച്ചിയിട്ട് കൊടുക്കുക,സിംഹം അപ്പോൾ നിന്നെ ഒന്നും ചെയ്യില്ല,നിന്നോട് സ്നേഹം കാണിക്കുകയും ചെയ്യും”
“പിന്നീട് സിംഹം നിന്നോട് അടുത്ത് കഴിഞ്ഞാൽ വാൽസല്യത്തോടെ നീ സിംഹത്തിന്റെ കഴുത്തിൽ താലോടി
പതുക്കെ രോമങ്ങൾ പിഴുതെടുക്കുക”
ആ സ്ത്രീക്ക് കൂട്ടുകാരിയുടെ വാക്കുകൾ ഇഷ്ടപ്പെട്ടു.
പിറ്റേദിവസം തന്നെ ഇറച്ചി വാങ്ങിച്ച് കാട്ടിലേക്ക് പോയി.
ഇറച്ചിയിട്ട് ഒളിഞ്ഞിരുന്നു
സിംഹം വന്നു ഇറച്ചി തിന്നു തിരിച്ചു പോയി.
ആ സ്ത്രീ ഒരു മാസം വരെ ഇത് തുടർന്നു.
ഒരു മാസത്തിനു ശേഷം സിംഹത്തിനു മുന്നിൽ പോയി ഇറച്ചിയിട്ട് കൊടുക്കാൻ ആരംഭിച്ചു‌.
സ്ത്രീ ചിന്തിച്ചു സിംഹം മനസ്സിലാക്കട്ടെ ആരാണ് തനിക്ക് ദിവസവും ഇറച്ചി നൽകുന്നതെന്ന്.
പിന്നീട്  സിംഹവും സ്ത്രീയോട് അടുപ്പം കാണിക്കാൻ തുടങ്ങി.
സ്ത്രീയും ധൈര്യത്തോടെ സിംഹത്തിന്റെ കഴുത്തിൽ താലോടിക്കൊണ്ടിരുന്നു.
ഒരു ദിവസം സന്ദർഭം നോക്കി സ്ത്രീ സിംഹത്തിന്റെ കഴുത്ത് താലോടുന്നതിനിടയിൽ കുറച്ചു രോമങ്ങൾ പിഴുതെടുത്തു.
 സന്തോഷത്തോടെ ഗുരുവിനടുത്ത് ചെന്നു പറഞ്ഞു,
“ഇതാ ഗുരോ... ഞാൻ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്ത് കൊണ്ട് വന്നിരിക്കുന്നു”
“ഇനി അങ്ങ് ഏലസ്സ് ഉണ്ടാക്കാൻ ആരംഭിച്ചാലും”
സൂഫി ചോദിച്ചു,
“എങ്ങിനെയാണ് നിങ്ങൾക്ക് ഈ രോമങ്ങൾ ലഭിച്ചത്?"
സ്ത്രീ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.
ഗുരു പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു,
“നിങ്ങളുടെ ഭർത്താവ് ഈ സിംഹത്തേക്കാൾ ക്രൂരനാണോ?”
“ഏറ്റവും ക്രൂരനായ മൃഗം സിംഹം നിങ്ങൾ കുറച്ചു നാൾ പരിചരിച്ചപ്പോൾ നിങ്ങളോട് സ്നേഹവും അനുസരണയും കാണിച്ചു.
ആ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്തപ്പോൾ പോലും നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ..
പിന്നെ നിങ്ങളുടെ ഭർത്താവിന്റെ മനസ്സാണോ അലിയാത്തത്.”
*ഗുണപാഠം*👇
സാധ്യമായതിനെ ഉൾകൊള്ളാതെ അസാധ്യമായതിന്റെ പിന്നാലെ പോകുന്നവരാണ് നമ്മിൽ പലരും '
അസാധ്യമായത് സ്വായത്തമാക്കാൻ ചെയ്യുന്ന ത്യാഗത്തിന്റെ ഒരശം മതി സാധ്യമായത് സ്വന്തമാക്കാൻ .

Wednesday, January 30, 2019

ട്രോൾ യുഗത്തിൽ 'അപൈശുനം'??!!

ശ്രീമത് ഭഗവത് ഗീതയിലെ പതിനാറാം അദ്ധ്യായത്തിൽ 'അപൈശുനം' എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്.
അന്യരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ച് കണ്ടു പിടിച്ച് അത് വെളിച്ചത്താക്കുന്നതിൽ സന്തോഷിക്കുന്നവനെ 'പിശുന ' നെന്നു പറയുന്നു.
ആരെയെങ്കിലും നിന്ദിക്കുക, പരദൂഷണം പറയുക; ഇത് പിശുനന്റെ സ്വഭാവമാണ്. ഇവരിൽ ദുഷ്ടതയേക്കാൾ കൂടുതലുള്ളത് ഹീന തയാണ്. ആളെപ്പോലും കാണാതെ കുറ്റങ്ങൾ പറയുകയും ചരിത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
ഈ പ്രവർത്തി മൂലം സമൂഹത്തിൽ അയാളുടെ മാന്യത കുറയുകയും അയാൾ അവസാനം സ്വയം അപമാനിതനാകുകയും ചെയ്യും.
പിശുനനെ സിംഹത്തിനോടോ ചെന്നായയോടോ ഉപമിക്കാറില്ല. പുല്ലിൽ ഒളിഞ്ഞിരുന്നു കാലിൽ കൊത്തുന്ന പാമ്പിനോടാണ് ഉപമിക്കാറുള്ളത്. അതാണ് അവർക്കു യോജിച്ചത്. സമൂഹത്തിൽ ഇവരോടുള്ളത്ര വെറുപ്പും വിദ്വേഷവും ദുഷ്ടന്റെയോ ക്രൂരന്റേയോ നേർക്കുപോലും ഉണ്ടാകുന്നില്ല.
ചിലപ്പോൾ പിശുനൻ സ്വയം വിചാരിക്കുകയും പറയുകയും ചെയ്യും.
" ഞാൻ സത്യത്തിനു വേണ്ട സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്ര കഠിനമായ കർത്തവ്യം അനുഷ്ഠിക്കുന്നതിനു സമുദായം എന്നെ അഭിനന്ദിക്കുകയാണു വേണ്ടത്. അതിനു പകരം ആളുകൾ എന്നെ നിന്ദിക്കുന്നു. ഇതെല്ലാം സഹിച്ചു ഞാൻ ഹൃദയത്തെ കഠിനമാക്കി നമ്രഭാവത്തോടെ സത്യത്തെ പ്രകടിപ്പിക്കുന്നു.
ഇതെന്റെ ധീരതയാണ്, ആത്മാർപ്പണമാണ് മറ്റുള്ളവർ സത്യനിഷ്ഠയെ ശിഥിലമാക്കി തങ്ങളുടെ മാന്യതയെ പ്രകടിപ്പിക്കുന്നതിനു വേണ്ടി മൗനം അവലംബിക്കുന്നു.
അതിനാൽ ദുർജ്ജനങ്ങൾക്ക് എന്തിനും സൗകര്യം കിട്ടുന്നു.
സമുദായത്തിൽ ഞങ്ങളേപ്പോലെ സത്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്നവർ കുറയുന്നതു കൊണ്ട് ഞങ്ങൾക്കവരുടെ മാന്യതവകവച്ചു കൊടുക്കേണ്ടി വരുന്നു.
സമുദായം ഞങ്ങളുടെ സേവനത്തിൽ നിന്ന് മുതലെടുക്കുന്നു. എന്നിട്ട് ഞങ്ങളെ ഹീനൻമാരെന്ന് വിളിക്കുകയും ചെയ്യുന്നു."
അന്യരുടെ ദൂഷ്യങ്ങളെ പരസ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ആവശ്യമാണോ? അതു തുറന്നു കാണിക്കുവാൻ, പ്രകടിപ്പിക്കുവാൻ, പ്രചരിപ്പിക്കുവാൻ തനിക്ക് അധികാരമുണ്ടോ? എന്നാണ് മനുഷ്യൻ ആദ്യമായി ചിന്തിക്കേണ്ടത്. അതാണ് ശരിയായ ഉരകല്ല്.
പിശുനന്റെ ഗുണത്തെ പിശുനത എന്നു പറയുന്നു. പിശനത എന്ന ദുർഗുണം വർദ്ധിക്കുകയും സർവ്വസാധാരണമായിത്തീരുകയും ചെയ്യുന്ന സമുദായത്തിന് ഒരിക്കലും ഉത്കർഷമുണ്ടാവില്ല.
അവിടെ എല്ലാ ഗുണങ്ങളും മണ്ണോടു ചേരുന്നു. അതിനാൽ പിശുനതയെ സമുദായ വിരുദ്ധമായ വൃത്തി എന്നു പറഞ്ഞിരിക്കുന്നു. ദൈവിക വൃത്തിയോടു കൂടിയ സമുദായത്തിൽ ഇതു കാണുകയില്ല. അപൈശുനം ദൈവീക സമ്പത്തിന്റെ ഒരു മുഖ്യ ലക്ഷണമാണ്.
പിശുനത എന്ന ദുർഗ്ഗുണത്തെ നശിപ്പിക്കുവാൻ സ്വാമി നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്നു.
”അഹിംസാ സത്യമക്രോധ
സ്ത്യാഗ: ശാന്തിരപൈശുനം"
(ഗീത : 16 - 2)
( - ഭഗവാൻ ശ്രീ സത്യസായി ബാബ എഴുതിയ 'ഗീതാവാഹിനി'' എന്ന ഗ്രന്ഥത്തിൽ നിന്നും)