Wednesday, January 30, 2019

ട്രോൾ യുഗത്തിൽ 'അപൈശുനം'??!!

ശ്രീമത് ഭഗവത് ഗീതയിലെ പതിനാറാം അദ്ധ്യായത്തിൽ 'അപൈശുനം' എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്.
അന്യരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ച് കണ്ടു പിടിച്ച് അത് വെളിച്ചത്താക്കുന്നതിൽ സന്തോഷിക്കുന്നവനെ 'പിശുന ' നെന്നു പറയുന്നു.
ആരെയെങ്കിലും നിന്ദിക്കുക, പരദൂഷണം പറയുക; ഇത് പിശുനന്റെ സ്വഭാവമാണ്. ഇവരിൽ ദുഷ്ടതയേക്കാൾ കൂടുതലുള്ളത് ഹീന തയാണ്. ആളെപ്പോലും കാണാതെ കുറ്റങ്ങൾ പറയുകയും ചരിത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
ഈ പ്രവർത്തി മൂലം സമൂഹത്തിൽ അയാളുടെ മാന്യത കുറയുകയും അയാൾ അവസാനം സ്വയം അപമാനിതനാകുകയും ചെയ്യും.
പിശുനനെ സിംഹത്തിനോടോ ചെന്നായയോടോ ഉപമിക്കാറില്ല. പുല്ലിൽ ഒളിഞ്ഞിരുന്നു കാലിൽ കൊത്തുന്ന പാമ്പിനോടാണ് ഉപമിക്കാറുള്ളത്. അതാണ് അവർക്കു യോജിച്ചത്. സമൂഹത്തിൽ ഇവരോടുള്ളത്ര വെറുപ്പും വിദ്വേഷവും ദുഷ്ടന്റെയോ ക്രൂരന്റേയോ നേർക്കുപോലും ഉണ്ടാകുന്നില്ല.
ചിലപ്പോൾ പിശുനൻ സ്വയം വിചാരിക്കുകയും പറയുകയും ചെയ്യും.
" ഞാൻ സത്യത്തിനു വേണ്ട സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്ര കഠിനമായ കർത്തവ്യം അനുഷ്ഠിക്കുന്നതിനു സമുദായം എന്നെ അഭിനന്ദിക്കുകയാണു വേണ്ടത്. അതിനു പകരം ആളുകൾ എന്നെ നിന്ദിക്കുന്നു. ഇതെല്ലാം സഹിച്ചു ഞാൻ ഹൃദയത്തെ കഠിനമാക്കി നമ്രഭാവത്തോടെ സത്യത്തെ പ്രകടിപ്പിക്കുന്നു.
ഇതെന്റെ ധീരതയാണ്, ആത്മാർപ്പണമാണ് മറ്റുള്ളവർ സത്യനിഷ്ഠയെ ശിഥിലമാക്കി തങ്ങളുടെ മാന്യതയെ പ്രകടിപ്പിക്കുന്നതിനു വേണ്ടി മൗനം അവലംബിക്കുന്നു.
അതിനാൽ ദുർജ്ജനങ്ങൾക്ക് എന്തിനും സൗകര്യം കിട്ടുന്നു.
സമുദായത്തിൽ ഞങ്ങളേപ്പോലെ സത്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്നവർ കുറയുന്നതു കൊണ്ട് ഞങ്ങൾക്കവരുടെ മാന്യതവകവച്ചു കൊടുക്കേണ്ടി വരുന്നു.
സമുദായം ഞങ്ങളുടെ സേവനത്തിൽ നിന്ന് മുതലെടുക്കുന്നു. എന്നിട്ട് ഞങ്ങളെ ഹീനൻമാരെന്ന് വിളിക്കുകയും ചെയ്യുന്നു."
അന്യരുടെ ദൂഷ്യങ്ങളെ പരസ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ആവശ്യമാണോ? അതു തുറന്നു കാണിക്കുവാൻ, പ്രകടിപ്പിക്കുവാൻ, പ്രചരിപ്പിക്കുവാൻ തനിക്ക് അധികാരമുണ്ടോ? എന്നാണ് മനുഷ്യൻ ആദ്യമായി ചിന്തിക്കേണ്ടത്. അതാണ് ശരിയായ ഉരകല്ല്.
പിശുനന്റെ ഗുണത്തെ പിശുനത എന്നു പറയുന്നു. പിശനത എന്ന ദുർഗുണം വർദ്ധിക്കുകയും സർവ്വസാധാരണമായിത്തീരുകയും ചെയ്യുന്ന സമുദായത്തിന് ഒരിക്കലും ഉത്കർഷമുണ്ടാവില്ല.
അവിടെ എല്ലാ ഗുണങ്ങളും മണ്ണോടു ചേരുന്നു. അതിനാൽ പിശുനതയെ സമുദായ വിരുദ്ധമായ വൃത്തി എന്നു പറഞ്ഞിരിക്കുന്നു. ദൈവിക വൃത്തിയോടു കൂടിയ സമുദായത്തിൽ ഇതു കാണുകയില്ല. അപൈശുനം ദൈവീക സമ്പത്തിന്റെ ഒരു മുഖ്യ ലക്ഷണമാണ്.
പിശുനത എന്ന ദുർഗ്ഗുണത്തെ നശിപ്പിക്കുവാൻ സ്വാമി നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്നു.
”അഹിംസാ സത്യമക്രോധ
സ്ത്യാഗ: ശാന്തിരപൈശുനം"
(ഗീത : 16 - 2)
( - ഭഗവാൻ ശ്രീ സത്യസായി ബാബ എഴുതിയ 'ഗീതാവാഹിനി'' എന്ന ഗ്രന്ഥത്തിൽ നിന്നും)