ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണനും ഗോപന്മാരും ഗോക്കളെ മേച്ചു വളരെ ദൂരം നടന്നതിനാൽ ഗോപന്മാർക്കു വളരെ വിശപ്പും ദാഹവും മൂലം ക്ഷീണം അനുഭവപ്പെടുകയും അവർ കൃഷ്ണനോട് തങ്ങളുടെ സ്ഥിതിയെപ്പറ്റി പറയുകയും ചെയ്തു. ഗോപന്മാരുടെ വിഷമം മനസ്സിലാക്കിയ ഭഗവാൻ അവിടെ അടുത്തു തന്നെയുള്ള ഒരു അശോക വൃക്ഷ ചുവട്ടിൽ എല്ലാവരെയും കൂട്ടി നിൽക്കുന്ന സമയത്തു കുറച്ചകലെയായി വേദമന്ത്രോച്ചാരണങ്ങളുടെ ധ്വനി കേൾക്കുകയാൽ തന്റെ കൂട്ടുകാരോട് അവിടെ കുറെ ബ്രാഹ്മണർ ഒരു യജ്ഞം നടത്തുന്നുണ്ടെന്നും നിങ്ങൾ അവിടെ ചെന്ന് കൃഷ്ണനും ബലരാമനും ഇവിടെ അടുത്തു വന്നിട്ടുണ്ടെന്നും അവർക്കു വല്ലതും ഭക്ഷണം കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്നു പറഞ്ഞയച്ചിരിക്കുന്നതായി അറിയിക്കുവാനും ഗോപബാലന്മാരോട് പറഞ്ഞയച്ചു. ഗോപബാലന്മാർ അതനുസരിച്ചു അവിടെ ചെല്ലുകയും ആ ബ്രാഹ്മണരോട് ഭഗവാൻ പറഞ്ഞയച്ചതിനെ അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ വിദ്യാമദത്താൽ പ്രഭാവിതരായിരുന്ന അവരിൽ ഇത് കോപത്തെ സൃഷ്ടിക്കുകയും ഗോപബാലന്മാരെ അവിടെനിന്നും ഓടിച്ചുവിടുകയും ചെയ്തു.നിരാശരായി തിരിച്ചെത്തിയ ഗോപബാലന്മാരോട് ഭഗവാൻ ഇപ്പോൾ അവരുടെ ഭാര്യമാരായ ബ്രാഹ്മണിമാരുടെ അടുക്കൽ ചെന്ന് ഇതേ വർത്തമാനം ഉണർത്തിക്കുന്നതിന് ആവശ്യപ്പെട്ടു. കൃഷ്ണൻ വന്നിരിക്കുന്നു എന്ന് കേട്ടപാടെ അവരെല്ലാം ഓടി തങ്ങളുടെ ഭർത്താക്കന്മരുടെ അടുത്തുചെന്നു ഈ കാര്യം പറഞ്ഞപ്പോഴും അവരിൽ അത് കാര്യമായ പ്രതികരണം ഒന്നും ഉളവാക്കിയില്ല. തങ്ങളുടെ ഭർത്താക്കന്മാരുടെ അജ്ഞത മനസ്സിലാക്കിയ അവർ യജ്ഞത്തിനായി തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളെല്ലാമെടുത്തു ഗോപബാലന്മാരുടെ കൂടെ ഭഗവാൻ നിൽക്കുന്ന സ്ഥലത്തേക്ക് പോവുകയും അവിടെയെത്തി എല്ലാം ഭഗവാന് സമർപ്പിച്ചു തങ്ങളുടെ ഭർത്താക്കന്മാരുടെ അവിവേകത്തെ പൊറുക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ഭഗവാൻ ആ ഭക്ഷണ സാധനങ്ങളെല്ലാമെടുത്തു ഗോപന്മാർക്കു നൽകി. അതിനു ശേഷം ബ്രാഹ്മണിമാരോട് നിങ്ങൾ എന്തിനാണ് ഇവിടെവരെ വന്നതെന്നും മറ്റും ചോദിച്ചു അവരെ അനുഗ്രഹിച്ചു അവരോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. പക്ഷെ അവർ തിരിച്ചുപോകാതെ അവിടെത്തന്നെ നിൽക്കുകയും ഇനി തങ്ങൾ തിരിച്ചുപോവില്ല എന്ന് ഭഗവാനോട് പറയുകയും ചെയ്യുന്നു. ഇവിടെ ഭഗവാൻ അവർക്കു നൽകുന്ന ഒരു ഉപദേശമുണ്ട്. ഇത് വളരെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഭഗവാൻ അവരോട് പറയുന്നത് ഭർതൃമതിയായ ഒരു സ്ത്രീയുടെ ഭർതൃ സ്ഥാനത്തു നില്കുന്നത് താൻ തന്നെയാണെന്നാണ്. ഭഗവാൻ അവരോട് പറയുന്നത് നിങ്ങളുടെ ഭർത്താക്കന്മാരിൽ എന്നെത്തന്നെ ദർശിക്കണമെന്നും അതിനാൽ തിരിച്ചുചെന്നു സന്തോഷത്തോടുകൂടി ഭർത്താക്കന്മാരോട് കൂടി സന്തോഷകരമായി ഭഗവദ്ധ്യാനത്തോടുകൂടി ജീവിക്കുക എന്നുമാണ്. ''യാവത് പവനോ നിവസതി ദേഹേ" എന്ന ശങ്കരാചാര്യ സ്വാമികളുടെ ശ്ലോകം ഈ ഘട്ടത്തെ ആധാരമാക്കിയുള്ളതാണ്. ശങ്കരാചാര്യ സ്വാമികളുടെ സൂക്ഷ്മ ദർശിത്വം എത്രയേറെ ഉണ്ട് എന്നുള്ളത് ഇതിൽനിന്നും നമുക്ക് മനസിലാക്കാം. അപ്പോഴേക്കും തങ്ങൾക്കു പറ്റിയ തെറ്റ് മനസ്സിലാക്കിയ ബ്രാഹ്മണരും അവിടെയെത്തി ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു. ഈ ഘട്ടം വായിക്കുമ്പോൾ നമുക്ക് ആദ്യം തോന്നുന്നത് നാം അമ്പലങ്ങളിൽ എന്തിനാണ് വഴിപാട് കഴിക്കുന്നത്?അതൊക്കെ ആർക്കെങ്കിലും ദാനം ചെയ്‌താൽ പോരെ എന്നാണ്. ഇത് നമ്മുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന താമസ്സിൽ നിന്നുദ്ഭവിക്കുന്ന ചിന്തയാണ്. ഭഗവാൻ എന്തുകൊണ്ട് ആദ്യം ഗോപന്മാരെ വേദ വിധികളോടെ യജ്ഞം ചെയ്യുന്ന ബ്രാഹ്മണരുടെ അടുക്കൽ വിടുന്നു? പലരും ഈ ലീലയെ ബ്രാഹ്മണത്വത്തെ തരംതാഴ്ത്തിക്കാണിക്കുവാൻ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇതിന്റെ യാഥാർഥ്യം അതല്ല. പുരുഷൻ അഹങ്കാരത്തിന്റെ പ്രതീകമാണ്. സ്ത്രീ ഭക്തിയുടെയും സമർപ്പണത്തിന്റെയും. വിവാഹം എന്നത് ഇത് രണ്ടിന്റെയും സംയോഗമാണ്. വിവാഹത്തോടുകൂടി പുരുഷൻ തന്റെ അഹങ്കാരത്തെ കുറച്ചു ഭക്തിയെയും സമർപ്പണഭാവത്തെയും തന്നിലേക്ക് സ്വീകരിക്കണം. ഇല്ലായെങ്കിൽ വെള്ളത്തിൽ വരച്ച വരക്കു സമമാണ് അവന്റെ ജീവിതം. ഉപനയനം മുതൽ വേദം ഉരുവിട്ടുപഠിക്കുന്ന ബ്രാഹ്മണൻ പ്രായേണ കർമങ്ങൾക്കു അമിതപ്രാധാന്യത്തെ നൽകി അഹങ്കാരത്തിൽ ഈശ്വരനെ തന്നെ മറന്നു പ്രവർത്തിക്കുന്ന അവസരങ്ങൾ ചിലപ്പോൾ ഉണ്ടായെന്നു വരും. നിത്യവും ഗായത്രിയും സന്ധ്യാവന്ദനവും ചെയ്യുന്ന ബ്രാഹ്മണന്റെ വിദ്യ ഈശ്വരനെ തന്റെ ജീവിതത്തിൽ സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ്. അതിനു കർമങ്ങളുടെ കൂടെ ഭക്തിയും അത്യാവശ്യമാണ് എന്ന് അവരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഭഗവാൻ ഈ ലീല ചെയ്യുന്നത്. ഭക്തിയില്ലാത്ത കർമം പാഴ് വേലയാണ് ത്യാഗരാജ സ്വാമികൾ തന്റെ ഒരു കീർത്തനത്തിൽ ഇതിനെ ശവത്തിനു ചെയ്യുന്ന അലങ്കാരമായിട്ടാണ് വർണിച്ചിരിക്കുന്നതു.രണ്ടുകൂട്ടരുടെ അഹങ്കാരത്തെ ഭഗവാൻ ഇതുവരെ മാറ്റിയിരിക്കുന്നു. ഒന്ന് ബ്രഹ്മാവിന്റെത് .ഇപ്പോൾ ബ്രാഹ്മണരുടേതും. ബ്രാഹ്മണർക്കു ഈ ശരീരത്തിൽ തന്നെ മൂന്നു ഭാവങ്ങളുണ്ട്. അതിനാൽ അവരുടേത് 'ത്രിവൃത് ജന്മ്മം ' എന്ന് അറിയപ്പെടുന്നു. ശൗക്രം , സാവിത്രം ദൈത്യം എന്നിവയാണ് അവ. ഇത് മൂന്നും ബ്രാഹ്മണനിൽ അഹങ്കാരഹേതുവായി പരിണമിക്കുന്നു. അതിനാൽ അവർ ഇതിനെ മനസ്സിലാക്കി ജീവിക്കണമെന്നും ഭഗവാൻ പറയുന്നു. ആരാണോ വിഷ്ണുവിന് വിമുഖന്മാരായി കർമം ചെയ്യുന്നത് അവരുടെ കർമങ്ങൾ ത്യാഗരാജ സ്വാമി പറയുന്നതുപോലെ ശവത്തിൽ ചെയ്യുന്ന അലങ്കാരമാണ് എന്ന് മറ്റുള്ളവരും മനസ്സിലാക്കണം എന്നാണ് ഈ ലീലയുടെ ആന്തര്യം. ഭാര്യ ഭർത്താക്കന്മാരുടെ ജീവിതം പരസ്പര പൂരകങ്ങളായിരിക്കണമെന്നും ഈ ലീല നമ്മെ പഠിപ്പിക്കുന്നു. ദാമ്പത്യത്തിൽ രണ്ടുപേർക്കും തുല്യ പ്രാധാന്യതയുണ്ട്. അതേപോലെ ഈശ്വര സാക്ഷാത്കാരത്തിനുള്ള യജ്ഞമാണ് ദാമ്പത്യമെന്നും അത് കേവലം വൈകാരികം മാത്രമായ ഒരു ബന്ധമല്ല എന്നും ഈ ലീല നമ്മെ പഠിപ്പിക്കുന്നു. അതല്ലായെങ്കിൽ അത് രാവണ മണ്ഡോദരിമാരുടേതുപോലെ ഒരു ജന്മം വ്യർത്ഥമാക്കിക്കളയാനെ ഉപകരിക്കുന്നുള്ളൂ.....ശ്രീ ഗുരുഭ്യോ നമ....
Tuesday, August 28, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment