Monday, October 25, 2021

പെട്ടെന്ന് ഉറങ്ങാൻ - മിലിട്ടറി മെത്തേഡ് ഓഫ് സ്ലീപ്പിങ്

ഒരുപാടൊരുപാട് വഴികളുണ്ട്. അതിൽ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വഴിയെക്കുറിച്ച് പറയാം. മിലിട്ടറി മെത്തേഡ് എന്നാണിത് അറിയപ്പെടുന്നത്.

(അശ്വതി ക്വറയിൽ എഴുതിയത് :  https://ml.quora.com/profile/Aswathi-17 )

മിലിട്ടറി മെത്തേഡ് ഓഫ് സ്ലീപ്പിങ്

 നല്ല ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വീടുകളിൽ വളരെ സമാധാനപരമായ അന്തരീക്ഷത്തിൽ കിടന്നുറങ്ങാൻ ശ്രമിക്കുമ്പോൾ പോലും നമ്മളിൽ പലർക്കും പെട്ടെന്ന് ഉറങ്ങാൻ സാധിക്കാറില്ല. അങ്ങനെയെങ്കിൽ, ഉറക്കത്തിനിടയിൽ എന്ത് സംഭവിക്കുമെന്ന് പോലും ഉറപ്പില്ലാത്ത യുദ്ധഭൂമികളിൽ എങ്ങനെയായിരിക്കും പട്ടാളക്കാർ ഉറങ്ങുന്നുണ്ടാവുക? അവർക്ക് നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ, യുദ്ധങ്ങളിലും മറ്റ് രഹസ്യ നീക്കങ്ങളിലും എങ്ങനെയാണ് അവർ കൃത്യത പാലിക്കുക? ഇത്രയധികം പിരിമുറുക്കം നേരിടുന്ന സാഹചര്യത്തിലും എങ്ങനെ അവർക്ക് ശബ്ദങ്ങൾക്കും ബഹളങ്ങൾക്കും നടുവിൽ ഉറങ്ങാനാകും?

അമേരിക്കൻ ആർമി അവരുടെ പട്ടാളക്കാർക്കായി കണ്ടുപിടിച്ച ഒരു നുറുങ്ങാണ് മിലിട്ടറി മെത്തേഡ് ഓഫ് സ്ലീപ്പിങ്. 2 നിമിഷങ്ങൾക്കുള്ളിൽ (10, 60, അല്ലെങ്കിൽ 120 സെക്കന്റുകൾക്കുള്ളിൽ) ഏത് ബഹളത്തിനിടയിലും ശാന്തമായി ഉറക്കം ലഭിക്കാനുള്ള സൂത്രവിദ്യയാണത്.

രണ്ടാം ലോക മഹായുദ്ധകാലത്താണ് പട്ടാളക്കാർക്ക് വേണ്ടി ലോയ്ഡ് ബഡ് വിന്റർ എന്ന വ്യക്തി ഇത് വികസിപ്പിച്ചെടുത്തത് എന്ന് പറയപ്പെടുന്നു. പരീക്ഷിച്ച് നോക്കിയപ്പോൾ 95% ശതമാനത്തോളം പട്ടാളക്കാർക്ക് സുഖമായി ഉറങ്ങാൻ സാധിച്ചു എന്ന് തെളിയിക്കപ്പെട്ടതിനാൽ ഈ രീതി വളരെയധികം പ്രചാരം നേടി. അദ്ദേഹത്തിന്റെ പുസ്തകമായ Relax and Win: Championship Performance-ൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 6 ആഴ്ചകളുടെ പരിശീലനമാണ് പട്ടാളക്കാർക്ക് ആവശ്യമായി വന്നതെന്ന് അതിൽ പറയുന്നു.

രീതി ഇങ്ങനെയാണ്:

  1. സൗകര്യമുള്ള ഒരു രീതിയിൽ കിടക്കുക. എല്ലായ്പ്പോഴും നിങ്ങൾ ഒരു കട്ടിലിലോ കിടക്കയിലോ തന്നെ കിടക്കണമെന്നില്ല. എവിടെ കിടക്കുകയാണെങ്കിലും ദേഹത്തിന് സൗകര്യമുള്ള ഒരു പൊസിഷൻ സ്വീകരിക്കുക.
  2. ആദ്യം മുഖത്തെ പേശികൾ ഒക്കെയും ഉദാസീനമാക്കി വിടുവാൻ ശ്രമിക്കുക. മുഖത്ത് ഒരുപാട് പേശികളുണ്ട്, ഇവയൊക്കെ റിലാക്സ് ആയാൽ തന്നെ നിങ്ങൾക്ക് ഒരു ശാന്തത അനുഭവപ്പെടും.
  3. ശേഷം തോളിലേക്ക് എത്തണം. തോളുകൾ ഇതുപോലെ റിലാക്സ് ചെയ്യണം. ഒരു തരത്തിലുള്ള ബലവും തോളുകളിൽ അനുഭവപ്പെടരുത്. അപ്പോൾ കൈകൾ ഒഴുകുന്നതുപോലെയൊരു തോന്നലുണ്ടാവും. പതുക്കെ കൈകൾ മുഴുവനും ഇങ്ങനെ റിലാക്സ് ചെയ്ത് വിടണം.
  4. ഇനി പതുക്കെ നിങ്ങളുടെ നെഞ്ചിന്റെ ഭാഗത്ത് എന്തെങ്കിലും ബലമോ ഭാരമോ തോന്നുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. ശ്വാസം ശ്രദ്ധിക്കുക.
  5. അടുത്തത് കാലുകളാണ്. തുടയിൽ നിന്നും തുടങ്ങി, മുട്ടുകൾ, കാൽപാദങ്ങൾ എന്നിങ്ങനെ കാലുകളുടെ ഭാരം പതുക്കെ ഒഴിവാക്കി വിരലുകൾ വരെ റിലാക്സ് ചെയ്യുക.
  6. ഇനി അടുത്തത് മനസ്സ് ശാന്തമാക്കുക എന്ന പ്രക്രിയയാണ്. ഇങ്ങനെ ശരീരമാകെ റിലാക്സ് ചെയ്യുമ്പോൾ ശൂന്യതയിൽ ഒഴുകി നടക്കുകയാണെന്ന തോന്നൽ ഉണ്ടാവും. അപ്പോൾ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ മനസ്സും ശൂന്യമാക്കി വയ്ക്കാൻ ശ്രമിക്കണം. എന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കണമെന്ന് തോന്നുകയാണെങ്കിൽ ചില ഉദാഹരണങ്ങളിതാ:
    1. ശാന്തമായ ഒരു തടാകക്കരയിൽ തെളിഞ്ഞ ആകാശം നോക്കി കിടക്കുന്നതായി ഭാവിക്കാം
    2. ഒരു ചാറ്റൽ മഴ കാണുന്നതുപോലെ ചിന്തിക്കാം
    3. മേഘങ്ങളെ മാത്രം മനസിൽ കാണാം

ഇത്രയും ചെയ്തു കഴിയുമ്പോഴേക്കും ഉറക്കം നിങ്ങളെ തേടിയെത്തിയിട്ടുണ്ടാവും. ആലോചിച്ചുനോക്കൂ, വലിയ യുദ്ധസന്നാഹങ്ങളുടെ ഇടയിൽ പട്ടാളക്കാർക്ക് ഈ രീതി പിന്തുടർന്ന് സുഖമായി ഉറങ്ങാൻ സാധിച്ചിട്ടുണ്ടെങ്കിൽ, നമുക്ക് സാധിക്കില്ലേ?

തീർച്ചയായും.

പരിശീലനം വേണമെന്ന് മാത്രം.

ഇന്ന് തന്നെ ശ്രമിച്ചുനോക്കൂ.

No comments: