കാളിദാസൻ തന്റെ അനേകം യാത്രകൾ ക്കിടയിലൊരിക്കൽ ദാഹിച്ചു വലഞ്ഞ് ചുറ്റും വെള്ളമന്വേഷിച്ചു…!!
അകലെയല്ലാതെ ഒരു സ്ത്രീ കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ പക്കൽ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു.
അവൾ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.. അതിന് മുൻപ് ഒന്ന് പരിചയ പ്പെടുത്തൂ.. അവൾ ആവശ്യപ്പെട്ടു..
അദ്ദേഹം കരുതി... ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ല…
“ഞാനൊരു വഴി യാത്രക്കാരൻ മാത്രം... “ അദ്ദേഹം പറഞ്ഞു…!!
ഈ ലോകത്തിൽ ആകെ രണ്ടു യാത്രക്കാരെ ഉള്ളൂ…സൂര്യനും, ചന്ദ്രനും… രണ്ടും നിത്യമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു…
“അപ്പോൾ പിന്നെ താങ്കളാരാണ്...? “ യുവതി ചോദിച്ചു.
“ശരി.. എങ്കിൽ ഞാനൊരു അതിഥിയാണ്… “കാളിദാസൻ പറഞ്ഞു.
“യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥികൾ.. രണ്ടും ശാശ്വതമല്ല. അതു കൊണ്ട് അവയെ മാത്രം നമുക്ക് അതിഥികൾ എന്ന് വിളിക്കാം…”
എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയെന്ന് കാളിദാസൻ...
യുവതി... “ഈ ഭൂമിയിൽ സഹനശീലരായി രണ്ടു പേരെയുള്ളൂ… ഒന്നാമത്തേത് ഭൂമി... രണ്ടാമത്തേത് വൃക്ഷം…
നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു… മാത്രമല്ല... നിങ്ങളെ നിലനിർത്തുവാനുള്ള ഫലങ്ങളും, ധാന്യവും അവ പുറപ്പെടുവിക്കുകയും ചെയ്യുന്നു…
കാളിദാസൻ ആകെ അമ്പരന്നു... അദ്ദേഹം ഇപ്രകാരം പറഞ്ഞു...
“എന്നാൽ ഞാനൊരു മർക്കടമുഷ്ടിയാണ്... ഒരു ദുർവാശിക്കാരൻ..”
“അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ... നഖവും,... മുടിയും... രണ്ടും എത്ര വെട്ടിയാലും വളർന്നു കൊണ്ടിരിക്കും... “ യുവതി പറഞ്ഞു..
ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് ദേഷ്യം വന്നു... അദ്ദേഹം പറഞ്ഞു...
“എങ്കിൽ ഞാനൊരു വിഡ്ഢിയാണ്...”
അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടവൾ പറഞ്ഞു...
“രണ്ടു വിഡ്ഢികൾ മാത്രമേ ഈ ലോകത്തിലുള്ളൂ... അറിവില്ലാതെ ഭരിക്കുന്ന രാജാവും... അതു പോലൊരു നിർഗുണനായ രാജാവിന് സ്തുതി പാടുന്ന പ്രജയും...”
കാളിദാസന് മനസിലായി അവൾ തന്നെ സാമർഥ്യത്തിലും, ബുദ്ധിയിലും പിറകിലാക്കിയെന്ന് അദ്ദേഹം അവളുടെ കാൽക്കൽ വീണു..
തല ഉയർത്തി നോക്കിയപ്പോൾ അദ്ദേഹം കണ്ടത് സരസ്വതിദേവി മുന്നിൽ നിൽക്കുന്നതാണ്…
അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു...
“കാളിദാസാ, നീ ബുദ്ധിമാനാണ്. എങ്കിലും, നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ, നീയൊരു മനുഷ്യനാകുകയുള്ളൂ… ആത്മജ്ഞാനമില്ലാത്തവൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല…”
ഈ കഥ പറഞ്ഞതിന് ശേഷം ഗുരു ഇപ്രകാരം മൊഴിഞ്ഞു.. കുട്ടികളെ ആദ്യം മനുഷ്യരാകാൻ പഠിപ്പിക്കണം… സ്വയം തിരിച്ചറിഞ്ഞാലെ അവർ നന്മയുള്ളവരാകൂ…. സമ്പന്നരാകാനും, പണം സമ്പാദിക്കാനും, മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറാനും മാത്രം പഠിപ്പിക്കുമ്പോൾ അവർ സ്വാർത്ഥരും, മനുഷ്യർക്ക് പ്രയോജനമില്ലാത്തവരും ആയി മാറും..!!
Copied and edited
No comments:
Post a Comment