പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിലനിന്നിരുന്ന ഐതിഹ്യമാണ്. സത്യവും നുണയും ഒരിക്കൽ കണ്ടുമുട്ടി. നുണ സത്യത്തോട് പറഞ്ഞു. "എത്ര മനോഹരമായ ദിവസം!" . സത്യം തെല്ല് സംശയത്തോടെ ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു . അതേ നല്ല തെളിമയുള്ള ദിവസം തന്നെ. അവർ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചു. ഒടുവിൽ ഒരു കിണറിനു സമീപം എത്തി. നുണ സത്യത്തോട് പറഞ്ഞു . "നല്ല വെള്ളം. നമുക്കൊരുമിച്ചൊന്നു കുളിച്ചാലോ?" സത്യം വീണ്ടുമൊന്നു സംശയിച്ചു. കാരണം പറയുന്ന ആൾ നുണയാണല്ലോ? അല്പം വെള്ളം കയ്യിലെടുത്ത് പരിശോധിച്ചു. ശരിയാണ് . നല്ല കുളിരാർന്ന ശുദ്ധജലം! രണ്ടു പേരും വസ്ത്രങ്ങളഴിച്ച് വച്ചു. കിണറ്റിലിറങ്ങി കുളിക്കാൻ തുടങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ നുണ വെള്ളത്തിനു പുറത്തു വന്നു. ധൃതിയിൽ സത്യത്തിന്റെ വസ്ത്രമെടുത്തു ധരിച്ച് അകലേക്കോടി മറഞ്ഞു. ക്രുദ്ധയായ സത്യമാകട്ടെ കിണറിനു പുറത്തു കടന്ന് നുണയെ അന്വേഷിച്ച് എല്ലായിടവും ഓടി നടന്നു. തന്റെ വസ്ത്രങ്ങൾ തിരികെയെടുക്കാൻ . ലോകമാകട്ടെ നഗ്നയായ സത്യത്തെ കണ്ട് പുഛത്തോടെയും വെറുപ്പോടെയും മുഖം തിരിച്ചു. പാവം സത്യം തന്റെ മാനക്കേട് മറയ്ക്കാൻ കിണറ്റിലേക്ക് തിരിച്ചിറങ്ങി, അവിടെ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷയായി. അന്നു മുതൽ നുണ ലോകം ചുറ്റുന്നു. സത്യത്തിന്റെ വേഷത്തിൽ, സമൂഹത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട്. കാരണം ലോകത്തിന് നഗ്നയായ സത്യത്തെ കാണാൻ ഒട്ടും താൽപര്യമില്ല. ®️ നിഷ ജോസ് , വാതിൽ
The world famous painting - " The Truth coming out of the well" Jean-Leon Gerome, 1896.